India Kerala

പൗരത്വ ബില്ലില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരളം

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകും. 16 ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധം നടക്കും. 17 ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കും. സംസ്ഥാനത്തെ ബി.ജെ.പി ഇതര സംഘടനകളെല്ലാം പൌരത്വ ഭേദഗതിക്കെതിരെ സമരരംഗത്താണ്.

തിങ്കാളാഴ്ച രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും വിവിധ രാഷ്ട്രീ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുക്കും. വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, ഡി.എച്.ആര്‍.എം തുടങ്ങി മുപ്പതോളം സംഘടനകളും ആക്ടിവിസ്റ്റുകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചൊവ്വാഴ്ചയാണ്. രാവിലെ 6 മുതല്‍ 6 വരെ നടക്കുന്ന ഹര്‍ത്താന്‍ ദിനവും സംസ്ഥാനത്ത് പ്രതിഷേധങ്ങളുടെ ദിനമായി മാറും.

രാഷ്ട്രീ പാര്‍ട്ടികള്‍ മാത്രമല്ല യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധമായി രംഗത്തുണ്ട്. കോഴിക്കോട് ഫാറൂഖ് കോളജ് തുടങ്ങിവെച്ച വിദ്യാര്‍ഥി പ്രതിഷേധം മറ്റും കോളജുകളിലെ വിദ്യാര്‍ഥികളും മാതൃകയാക്കിയിട്ടുണ്ട്.

വിവിധ മത സംഘടനകളും ദേശീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് പൊതു സമ്മേളനങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൌരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളിലൂടെയാകും സംസ്ഥാനം വരും ദിവസങ്ങളില്‍ കടന്നുപോവുക.