സമൂഹ മാധ്യമങ്ങളിൽ മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ്. ” സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്.” സമൂഹ മാധ്യമങ്ങളിലെ കേരള പൊലിസിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
കൂടാതെ കേരള പൊലീസിൽ പെരുമാറ്റ ചട്ടം സംബന്ധിച്ച ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയിരുന്നു. അതനുസരിച്ച് എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിർദേശം. ഹൈക്കോടതി നിർദേശപ്രകാരമാണ് ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയത്.
കൂടാതെ, പൊലീസുകാരുടെ പെരുമാറ്റ രീതി സ്‌പെഷ്യൽ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകൾ മാത്രമേ സംസാരത്തിൽ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ പറയുന്നു. പ്രത്യേകിച്ച് പൊതു ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായും വിനയത്തോടെയും പെരുമാറണം.