Kerala

കോവിഡ് പ്രതിരോധത്തിനായി സ്പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥര്‍ രംഗത്ത്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,60,663 കേസുകള്‍

പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് കേരള പോലീസിന് ഒരു ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടിവന്നത് ആദ്യമായാണ്. ഈ മേഖലയില്‍ ഒരു പരിചയവും ഇല്ലാതെയാണ് പോലീസ് ഈ ചുമതല ഏറ്റെടുത്തത്.

കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറ് മാസം തികഞ്ഞ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും മുന്‍പന്തിയില്‍ തന്നെയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമ്പര്‍ക്ക വ്യാപനം കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളില്‍ പങ്കാളിയാവുകയാണ് ഇനി പോലീസിന്‍റെ ചുമതല. ഇതിനായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകളിലെ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ എ.ഡി.ജി.പി വരെയുള്ളവര്‍ രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കോവിഡ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെക്കൂടാതെയാണിത്.

പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് കേരള പോലീസിന് ഒരു ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടിവന്നത് ആദ്യമായാണ്. ഈ മേഖലയില്‍ ഒരു പരിചയവും ഇല്ലാതെയാണ് പോലീസ് ഈ ചുമതല ഏറ്റെടുത്തത്. എന്നാല്‍ ഈ വെല്ലുവിളി വിജകരമായി നേരിടാന്‍ പോലീസിന് കഴിഞ്ഞു. മൊബൈല്‍ ആപ്, ഡ്രോണ്‍ മുതലായ ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാണ് പോലീസ് ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത്. ക്വാറന്‍റൈയ്നില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോയെന്നും വാഹനയാത്രക്കാര്‍ നിശ്ചിതസ്ഥലവും കടന്നുപോകുന്നുണ്ടോയെന്നും അറിയാനായി മൊബൈല്‍ ആപ് ഉപയോഗിച്ചു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും പോലീസ് സജീവപങ്കാളിത്തം വഹിച്ചു. പോലീസ് തയ്യാറാക്കി അവതരിപ്പിച്ച ഡാന്‍സ്, നാടകം, ഗാനമേള എന്നില വൈറലായി. പോലീസിന്‍റെ വിവിധ യൂണിറ്റുകള്‍ ഇക്കാലയളവില്‍ 416 കോവിഡ് ബോധവല്‍ക്കരണ ചിത്രങ്ങളാണ് നിര്‍മ്മിച്ചത്. പൊതുജനങ്ങളുടെ പൂര്‍ണ്ണസഹകരണം കൊണ്ടാണ് ലോക്ക്ഡൗണ്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ പോലീസ് നടത്തിയ സൗജന്യഭക്ഷണവിതരണം ഏറെ ശ്രദ്ധേയമായി. 4,45,611 ഭക്ഷണപ്പൊതികളാണ് ഇക്കാലയളവില്‍ പോലീസിന്‍റെ നേതൃത്വത്തില്‍ വ്യക്തികളുടേയും സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെ വിതരണം ചെയ്തത്. ജനമൈത്രി പോലീസിന്‍റ നേതൃത്വത്തില്‍ നിരവധി വീടുകളില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായം എത്തിക്കാന്‍ കഴിഞ്ഞു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഇ-വിദ്യാരംഭം എന്ന പേരില്‍ പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കി. ജനമൈത്രി പോലീസ്, സ്റ്റുഡന്‍റ് പോലീസ് പദ്ധതി എന്നിവ വഴിയും കുട്ടികള്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞു.

ലോക്ക്ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 24 മുതല്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറ് മാസം പൂര്‍ത്തിയായ ജൂലൈ 29 വരെ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 2,60,663 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് 2,75,827 പേര്‍ ഇക്കാലയളവില്‍ അറസ്റ്റിലായി. 1,47,636 വാഹനങ്ങള്‍ ഇക്കാലയളവില്‍ പിടിച്ചെടുത്തു. മാസ്ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഏപ്രില്‍ 30 മുതല്‍ ഇതുവരെ 3,43,635 പേര്‍ക്കെതിരെ മാസ്ക്ക് ധരിക്കാത്തതിന് നിയമനടപടി സ്വീകരിച്ചു. നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ 1,236 പേര്‍ക്കെതിരേയും ഇക്കാലയളവില്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും അറസ്റ്റുകള്‍ നടന്നതും തിരുവനന്തപുരം റൂറല്‍ ജില്ലയിലാണ്. 35,527 കേസുകളിലായി 36,000 പേര്‍ ഇവിടെ അറസ്റ്റിലായി. 18,857 വാഹനങ്ങളും പിടിച്ചെടുത്തു. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും വാഹനങ്ങള്‍ പിടിച്ചെടുത്തതും കാസർകോട് ജില്ലയിലാണ്. 3,253 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. 1,297 വാഹനങ്ങളും പിടിച്ചെടുത്തു.

കോവിഡിനെതിരായുള്ള പോരാട്ടത്തിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 85 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ജില്ലകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇവരില്‍ 64 പേര്‍ക്കും രോഗം ഭേദമായി.