കേരളം ഇരുപത് മണിക്കൂറായി പ്രാർത്ഥനകളോടെ അബിഗേലിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അബിഗേലിനെ കൊല്ലം ആശ്രാമം മൈദാനത്തിന് അടുത്തുള്ള അശ്വതി ബാറിന് സമീപം കുഞ്ഞിനെ കണ്ടെത്തുന്നത്. ഒരു സ്ത്രീ കുഞ്ഞിനെ വണ്ടിയിൽ വന്നിറക്കി പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന അതേ വെള്ള കാറിലാണോ കുഞ്ഞിനെ തിരികെ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. കുഞ്ഞിനെ ലഭിച്ചുവെങ്കിലും കുട്ടിക്കടത്ത് സംഘം ഇപ്പോഴും അജ്ഞാതമായി തന്നെ തുടരുകയാണ്. ഇവർ സഞ്ചരിക്കുന്ന ‘വെള്ള കാറും’.
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓയൂരിലെ മരുതമൺപള്ളി-അമ്പലംകുന്ന് റോഡിൽ ഒരു അജ്ഞാത വെള്ള കാർ കറങ്ങി നടക്കുന്നുണ്ടായിരുന്നു. ട്യൂഷൻ കഴിഞ്ഞെത്തുന്ന അബിഗേലിനെ ലക്ഷ്യം വച്ച് കഴുകൻ കണ്ണുകളുമായി അവസരം കാത്തുകിടക്കുന്നത് പോലെ അത് എന്നും അവിടെ വഴിയരികിലായി നിർത്തിയിട്ടിരുന്നു. അബിഗേലും ഈ വെള്ളക്കാർ കണ്ടു കാണണം. കാരണം ‘വെള്ള കാർ പേടിയാണ്’ എന്ന് അബിഗേൽ സഹോദരൻ ജോനാഥനോട് പറഞ്ഞിട്ടുണ്ട്.
‘ട്യൂഷന് പോകുമ്പോൾ എന്നും വണ്ടി അവിടെ കിടക്കാറുണ്ട്. അച്ചാച്ചാ അവിടൊരു വണ്ടി കിടക്കുന്നുണ്ടെന്ന് അവൾ എന്നോട് പറഞ്ഞു. അത് എന്നും കിടക്കണേ അല്ലേ ? എന്നെ നോക്കിക്കോണം, ഒരു കമ്പ് എടുത്തോണ്ട് നിക്കണേന്നും അവൾ പറഞ്ഞു. ഞാൻ ഒരു കമ്പെടുത്ത് നടന്നപ്പോഴാണ് കാർ വളച്ച് അടുത്തേക്ക് കൊണ്ടുവന്ന് അവളെ വലിച്ചോണ്ട് പോകുന്നത്’ – ജോനാഥൻ വേദനയോടെ പറഞ്ഞു.
മരുതമൺപള്ളി-അമ്പലംകുന്ന് റോഡിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. പലപ്പോഴും വിജനമാണ് ഈ പ്രദേശം. ഇത് കൃത്യമായി അറിയാവുന്ന അക്രമികൾ അതുകൊണ്ടാണ് കൃത്യം നടത്താനായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തിരിക്കുക.
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബിഗേൽ സാറ റെജി. മൂത്ത സഹോദരൻ നാലാം ക്ലാസുകാരനായ ജൊനാഥൻ റെജിയുമൊത്ത് സ്‌കൂൾ ബസിൽ വീട്ടിലെത്തിയതാണ് ഇരുവരും. അൽപനേരം കഴിഞ്ഞ് ഇരുവരും ട്യൂഷൻ സെന്ററിലേക്ക് പോയി. മാതാപിതാക്കളായ റെജിയും സജിയും ജോലിസ്ഥലത്തായിരുന്നു. വീട്ടിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ അകലെയാണ് ട്യൂഷൻ സെന്റർ. റെജിയുടെ അച്ചൻ ജോണിയും അമ്മ ലില്ലിക്കുട്ടിയും ചേർന്നാണ് കുട്ടികളെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുപോയിരുന്നതും വിളിച്ചുകൊണ്ട് വരാറുള്ളതും. എന്നാൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് സംഭവ ദിവസം കുട്ടികൾക്കൊപ്പം പോകാതിരുന്നത്.
സമയം വൈകീട്ട് നാലര കഴിഞ്ഞപ്പോഴാണ് വഴിമധ്യേ കുട്ടികളുടെ സമീപത്തായി വെള്ള നിറത്തിലുള്ള കാർ വന്ന് നിന്നത്. കാറിലിരുന്ന വ്യക്തി ഒരു കടലാസ് ജൊനാഥന് നേർക്ക് നീട്ടിയിട്ട് അത് അമ്മയ്ക്ക് നൽകണമെന്ന് പറഞ്ഞു. ഉടൻ തന്നെ അബിഗേലിനെ കാറിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു. ജൊനാഥന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാർ അപ്പോഴേക്കും പോയിരുന്നു. വെള്ള നിറത്തിലുള്ള ഗഘ 01 3176 ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കടത്തിയ പ്രതികൾ പിന്നീട് മറ്റൊരു കടയിലെത്തി. സംശയം തോന്നാതിരിക്കാൻ സംഘത്തിലുള്ള സ്ത്രീയാണഅ പുറത്തിറങ്ങിയത്. വീട്ടിലേക്കുള്ള പതിവ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് പോലെ തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ് എന്നിവ വാങ്ങി. ശേഷം കടയുടമയുടെ ഫോൺ വാങ്ങി കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഒരു സ്ത്രീയാണ് കുട്ടിയുമായി എത്തിയത് എന്നുള്ളതുകൊണ്ടും, അസ്വാഭാവികതയൊന്നും അനുഭവപ്പെടാതിരുന്നതുകൊണ്ടും തന്നെ കടയുടമയ്ക്ക് ആദ്യഘട്ടത്തിൽ സംശയം തോന്നിയിരുന്നില്ല.
വ്യക്തമായ ആസൂത്രണത്തോടെ നടന്ന ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം പണം മാത്രമാണോയെന്നും ഈ ഘട്ടത്തിൽ പൊലീസ് സംശയിക്കുന്നുണ്ട്. ഒടുവിൽ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ അബിഗേലിനെ കുട്ടിക്കടത്ത് സംഘം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.