Kerala

118A: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഭിപ്രായ സ്വാതന്ത്രത്തെ അപകടത്തില്‍ പെടുത്തുന്ന 118 A നിയമഭേദഗതി, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമൂഹമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം നല്‍കുന്ന പൊലീസ് നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് ഗവർണർ ഒപ്പിട്ടത്.

കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതി, അപകീർത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥ വകുപ്പുകളാണ് ചെയ്യുന്നത്.

നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരില്‍ പൊലീസിനെ കയറൂരി വിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആക്ഷേപിക്കുന്നവരുണ്ട്. നിയമഭേദഗതിക്കെതിരെ രംഗത്ത് വന്ന പ്രതിപക്ഷ കക്ഷികള്‍, ഭേദഗതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു.