India Kerala

പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്.ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഡിസംബര്‍ ഒന്ന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.ആദ്യം ദിനം എന്ന നിലയില്‍ ഇന്നലെ പിഴ ഈടാക്കിയിരുന്നില്ല. പലയിടങ്ങളിലും മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്ന് മുതല്‍ കര്‍ശനമായ പരിശോധനയാണ് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്നത്.പുറകിലെ യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ 500 രൂപ പിഴ ഈടാക്കും. രണ്ട് യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരട്ടിപ്പിഴ ഈടാക്കും.വാഹനഉടമയായിരിക്കും പിഴ നല്‍കേണ്ടത്.

നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.മോട്ടോര്‍ വാഹന വകുപ്പിന്റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും. ഹെല്‍മെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തില്‍ തൊടരുതെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനക്കിടെ പിഴവുണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഡി.ജിപി വ്യക്തമാക്കി.