Kerala

സ്‌കൂൾ തുറക്കൽ; നോട്ട്ബുക്ക് ഉൾപ്പെടെയുള്ള കടലാസ് നിർമിത ഉത്പന്നങ്ങൾക്ക് വില ഉയരും

അവധിക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ കുത്തനെ വിലയുയരുക നോട്ടുബുക്കിനും മറ്റ് കടലാസ് നിർമ്മിത ഉൽപ്പന്നങ്ങൾക്കുമാകും. പേപ്പറിൻറെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവർദ്ധനയാണ് ഇതിന് കാരണം. ആറ് മാസത്തിനിടെ വിവിധ തരത്തിലുള്ള പേപ്പറുകൾക്ക് അമ്പത് ശതമാനത്തിലേറെ വിലവർധനയാണ് ഉണ്ടായിട്ടുള്ളത്.

പേപ്പറിനും അനുബന്ധ സാമഗ്രികൾക്കും വില കുത്തനെ ഉയർന്നതോടെ നോട്ട്ബുക്ക്അച്ചടി വ്യവസായ മേഖല നേരിടന്നത് ഗുരുതര പ്രതിസന്ധിയെയാണ്. ഓഫ്‌സെറ്റ് പ്രിൻറിംഗിൻറെയും ബൈൻഡിംഗ് വ്യവസായങ്ങളുടെയും കേന്ദ്രമായ കുന്നംകുളത്ത് ഈ മേഖലയെ പലരും കയ്യൊഴിയുകയാണ്. ആറ് മാസത്തിനിടെ വിവിധയിനം പേപ്പറുകളുടെ വില വർദ്ധിച്ചത് അമ്പത് ശതമാനത്തിലേറെ. ഇത് പ്രതിഫലിക്കുക അടുത്ത അധ്യയനവർഷക്കാലത്താകും. നോട്ടുബുക്കിൻറെ വില കൈപൊള്ളും. അച്ചടിയുമായി ബന്ധപ്പെട്ട അനുബന്ധ വസ്തുക്കൾക്കും വിലയേറും

കോവിഡ് കാലത്ത് ഇലക്ട്രോണിക്‌സമൂഹ മാധ്യമങ്ങൾ സജീവമായത് അച്ചടി രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദീർഘകാല കരാർ ഏറ്റെടുത്ത പ്രസുകൾക്ക് ഈ വിലവർധന താങ്ങാവുന്നതിനുമപ്പുറത്താണ്. ചെറുകിട പ്രസുകാർ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യവുമുണ്ട്.

കടലാസ് ഇറക്കുമതി വർദ്ധിപ്പിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പേപ്പറുകൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തണമെന്നും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.