സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഹൗസ് സർജൻസി കാലാവധി നീട്ടയിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ ഹൗസ് സർജൻമാരുടെ സേവനം മൂലമാണ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നത്. ഇവരുടെ കാലാവധി ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. തുടർന്ന് മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. അടുത്ത ഹൗസ് സർജൻസി ബാച്ച് വരുന്നതുവരെ സേവനം തുടരാനായിരുന്നു നിർദേശം. കാലാവധി അവസാനിച്ചതോടെയാണ് സർക്കാർ നടപടി. കാലാവധി നീട്ടുന്നത് പി. ജി പ്രവേശനത്തിന് തടസമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.