Kerala

മാർച്ചിൽ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി; ഏപ്രിലിൽ മരണവും; തിരുവനന്തപുരത്തെ യുവാവിന്റെ മരണം കൊലപാതകം

തിരുവനന്തപുരം പാങ്ങോട് ഭാഗ്യക്കുറി സമ്മാനാർഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സജീവിനെ സുഹൃത്ത് സന്തോഷ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് തള്ളിയിട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ മാസമാണ് ടൈൽസ് തൊഴിലാളിയായ 35 വയസുകാരൻ സജീവിന് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്. നികുതി കഴിച്ച് പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ സുഹൃത്തുക്കൾക്കായി ഇക്കഴിഞ്ഞ ഒന്നാം തീയതി മദ്യസൽക്കാരം സംഘടിപ്പിച്ചു.സുഹൃത്ത് രാജേന്ദ്രൻ പിള്ളയുടെ പാങ്ങോട് ചന്തക്കുന്നിലെ വാടക വീട്ടിലായിരുന്നു അർദ്ധരാത്രിയും കഴിഞ്ഞുള്ള മദ്യസൽക്കാരം. നാലു സുഹൃത്തുക്കളായിരുന്നു മദ്യ സൽക്കാരത്തിൽ പങ്കെടുത്തത്.

ഇതിനിടയിൽ സുഹൃത്തായ മായാവി സന്തോഷ് എന്നയാളും സജീവുമായി വാക്ക് തർക്കമുണ്ടായി.പിന്നാലെയുണ്ടായ ഉന്തും തള്ളിനുമിടെ സന്തോഷ് സജീവിനെ വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു തള്ളിയിട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ. കഴുത്തിനേറ്റ ക്ഷതം മരണകാരണമായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലേയും കണ്ടെത്തൽ.പിന്നാലെ കസ്റ്റഡിയിലെടുത്ത സന്തോഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തു വിശദമായ പരിശോധന നടത്തിയിരുന്നു.വീഴ്ചയെ തുടർന്ന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ട സന്തോഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിൽത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരിച്ചത്.