Kerala

ലോക്ഡൗൺ ഇളവുകൾ വെട്ടിക്കുറച്ചേക്കും; നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസിന് നിർദേശം

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ വെട്ടിക്കുറച്ചേക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ മുതലാണ് നിലവിൽ വരിക.
എന്നാൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മാർഗ നിർദേശത്തിൽ വിവിധ വകുപ്പ് മേധാവികൾക്ക് അതൃപ്തി ഉണ്ടായിരുന്നു. കൂടുതൽ ഇളവുകൾ അനുവദിച്ചു എന്നതായിരുന്നു അതൃപ്തിക്ക് കാരണം. ഇളവുകൾ നൽകിയാൽ ലോക്ഡൗണിന്റെ ഫലം വിപരീതമായിരിക്കും എന്നാണ് ആരോപണം.

നിരത്തുകളിൽ കൂടുതൽ ആളുകളിറങ്ങിയാൽ പൊലീസിന് ഇടപെടേണ്ടി വരും. അത് സംഘർഷത്തിനും ഇടവരുത്താനും സാധ്യത ഉണ്ട്. നിർമാണ മേഖലയിലെ ഇളവിലും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവുകൾ വെട്ടിക്കുറക്കാൻ സർക്കാർ ആലോചിക്കുന്നത്. അന്തിമ തീരുമാനം സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉണ്ടാകും. നിലവിൽ ലോക്ഡൗൺ മാർഗ നിർദേശങ്ങൾ മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്.