മൂന്നാംഘട്ട ലോക്ക്ഡൌണില്‍ റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് അന്തര്‍ജില്ല യാത്രകള്‍ക്ക് അനുവദിക്കും. റെഡ് സോണിലൊഴികെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ ലഭ്യമാകും. കണ്ണൂര്‍ കോട്ടയം ഒഴികയുള്ള ജില്ലകള്‍ക്ക് അനുവദിച്ച ഇളവുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും.
അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്കും റസ്റ്റാറന്‍റുകള്‍ക്കും പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. റെഡ് സോണില്‍ ഒഴികെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാം.
ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്സി, യൂബര്‍ സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി അനുവദിക്കും. റെഡ് സോണില്‍ ഒഴികെ ബാങ്കുകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. റെഡ് സോണിലും ഹോട് സ്പോട്ടിലും ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരമായിരുക്കും ബാങ്കുകള്‍ തുറക്കുക. ഒരോ പ്രദേശത്തിന്‍റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ ജില്ലാ കലക്ടര്‍ക്കാര്‍ക്ക് വരുത്താനും അനുവാദം നല്‍കിയിട്ടുണ്ട്.