രാഷ്ട്രീയ വിവാദങ്ങൾക്കിടയിലേക്കാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എത്തുന്നത്. വികസന നേട്ടം പറയുന്ന ഇടത് മുന്നണിക്ക് അവസാന നാളിലെ കേസും കൂട്ടവും വിശദീകരിക്കേണ്ടി വരും. മുന്നണിയിൽ നിന്ന് ജോസ് പക്ഷം പടിയിറങ്ങിയത് മറികടക്കാൻ സർക്കാരിന് എതിരെയുള്ള ആയുധങ്ങൾക്ക് മൂർച്ഛ കൂട്ടിയാവും പ്രതിപക്ഷ നീക്കം.
തുടർ ഭരണം ചർച്ചയാക്കി ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനിടെയാണ് പിണറായിക്ക് മുന്നിലേക്ക് കേസുകളുടെ ഒഴുക്ക് വന്നത്. കേന്ദ്ര ഏജൻസികൾ കേരളത്തിൽ നിരന്നപ്പോൾ പ്രതിപക്ഷം കളമറിഞ്ഞ് കളിച്ചു. ഇനി ഈ സെമി ഫൈനലിൽ പൊരിഞ്ഞ പോരാട്ടത്തിനാവും ഇരു മുന്നണികളും ശ്രമിക്കുക. പരമ്പരാഗതമായി തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കാണ് മുൻതൂക്കം . എന്നാൽ ഇക്കുറി കരുതലോടെയാണ് യു.ഡി.എഫ് നീക്കം. അതു കൊണ്ടാണ് വോട്ടർപട്ടികയിലെ അപരൻമാരെ കണ്ടെത്താൻ പോലും യു.ഡി എഫ് ഇത്തവണ വിയർപ്പ് ഒഴുക്കിയത്.
കേരള കോൺഗ്രസ് ജോസ് പക്ഷത്തെ കിട്ടിയത് രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും എൽ.ഡി.എഫിൻ്റെ ആത്മവിശ്വാസം കൂടുന്നു. താഴെ തട്ട് മുതലുള്ള സംഘടനാ ശേഷി കൊണ്ട് എല്ലാം മറികടന്ന് കുതിച്ച് പായാമെന്നാണ് എൽ.ഡി.എഫിൻ്റെ പ്രതീക്ഷ. സംഘടനാ പോരിനിടയിൽ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകൾ നില നിർത്തുകയെന്നതാണ് ബി.ജെ.പി ക്ക് മുന്നിലെ വെല്ലുവിളി.