Kerala

പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനവും കഴിഞ്ഞു; ഇനി തെരഞ്ഞെടുപ്പ് ഗോദയിൽ

നിലവിലെ നിയമസഭയുടെ അവസാന സമ്മേളനവും കഴിഞ്ഞതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്കിറങ്ങുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്കും വാക്പോരുകളും ഇനി നിയമസഭക്കു പുറത്തായിരിക്കും നടക്കുക.പാര്‍ട്ടി നേതൃയോഗങ്ങളും ,ജാഥകളും ,അദാലത്തുകളുമായി നേതാക്കൾ വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും

പിണറായി സര്‍ക്കാരിന്‍റെ കാലത്തെ അവസാനത്തെ നിയമസഭ സമ്മേളനം കൂടി അവസാനിച്ചതോടെ രാഷ്ട്രീയകേരളത്തില്‍ തെര‍ഞ്ഞെടുപ്പ് ചൂട് ആരംഭിച്ചു.പ്രവർത്തകരെ സജീവമാക്കാൻ നേതാക്കൾ നേരിട്ടിറങ്ങാനാണ് തീരുമാനം.ഇടത് മുന്നണിയും ഐക്യമുന്നണിയും തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് വരും ദിവസങ്ങളില്‍ തുടക്കും കുറിക്കും.

ഈ മാസം 31 ന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ UDF ൻ്റെ ഐശ്വര്യ കേരളം ജാഥ കാസർഗോഡ് നിന്ന് തുടങ്ങി 140 മണ്ഡലങ്ങളിലും പര്യടനം നടത്തും .ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജാഥക്കൊപ്പം അണിചേരും.കേരളത്തിലെ സംഘടന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡും നേരിട്ടിറങ്ങിയിട്ടുണ്ട്.സിപിഎമ്മിന്‍റേയും സിപിഐയും സംസ്ഥാനനേതൃയോഗങ്ങള്‍ അടുത്തമാസം ആദ്യം നടക്കും.

രണ്ട് മേഖലകളായി തിരിച്ച് സംസ്ഥാനജാഥ നടത്തുന്നതിനെ കുറി്ച്ചാണ് ഇടത് മുന്നണി ആലോചിക്കുന്നത്.തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാരും നീക്കങ്ങള്‍ ആരംഭിച്ചു.മന്ത്രിമാരുടെ ജില്ലാതല അദാലത്തുകളും അടുത്ത മാസം ഒന്ന് മുതല്‍ 18 വരെ എല്ലാ ജില്ലകളിലും നടക്കും. ബി ജെ പി നേതൃയോഗവും ഉടൻ ചേരും.അടുത്ത മാസം പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് . ഏപ്രിൽ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത