അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്റഫ് നല്കി ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഹര്ജിക്കാരന് കോടതിയെ അറിയിച്ചു. എതിര് സത്യവാങ്മൂലം നല്കാന് സമയം വേണമെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറലും കോടതിയെ അറിയിച്ചു അടിയന്തര ചികിത്സ ആവശ്യമുണ്ടെങ്കില്‍ ഇളവ് നല്‍കിക്കൂടേ എന്ന് കോടതി ചോദിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കാനായി മാറ്റി. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നിത്യയാത്രക്കാര്‍ ആര്‍ടിപിസിആര്‍ നടത്തുന്നത് അപ്രായോഗികമാണ്. നിത്യയാത്രക്കാര്ക്കെങ്കിലും യാത്രയില്‍ ഇളവ് വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. കര്‍ണാടക സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഓണ്‍ലൈനായാണ് ഹാജരായത്. അടിയന്തര ആവശ്യത്തിന് ഇളവ് നല്‍കിക്കൂടേ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാനും കര്‍ണാടക തയാറായിട്ടില്ല.
കേരളത്തിലെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്കോ ജില്ലയ്ക്ക് പുറത്ത് മറ്റേതെങ്കിലും ഇടത്തേക്കോ യാത്ര ചെയ്യാന്‍ തടസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരം എംഎല്‍എ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.