India Kerala

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് പ്രതിപക്ഷം;

പ്രളയ പുനർനിർമാണത്തിനുള്ള വിഭവ സമാഹരണത്തെ പ്രതിപക്ഷം പരാജയപ്പെടുത്തുന്നുവെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി. പുനർ നിർമാണത്തെ എതിർക്കുന്നത് പ്രത്യേക മാനസികാവസ്ഥയാണ്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചാനലുകളുമായുള്ള ഒത്തുകളിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുനർനിർമാണം ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുത്ത് സർക്കാർ കൈയൊഴിയുകയാണെന് പ്രതിപക്ഷം വിമർശിച്ചു.

പ്രളയ പുനർനിർമാണ പ്രവർത്തനങ്ങൾ പരാജയമാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. 10,000 രൂപ ധനസഹായം കിട്ടാത്തവർ ഇപ്പോഴുമുണ്ട്, വീടു തകർന്നവർ ഇപ്പോൾ പെരുവഴിയിലാണ്, കർഷകർക്കുള്ള പ്രത്യേക പാക്കേജ് നടപ്പാക്കിയില്ല, തകർന്ന ഒരു റോഡു പോലും പുനർ നിർമ്മിച്ചില്ല, റീ ബിൽഡ് കേരളക്ക് ഒച്ചിനേക്കാൾ വേഗത കുറവാണെന്നും പ്രതിപക്ഷം കുറ്റപത്രം നിരത്തി.

പുനർനിർമാണം ദീർഘകാല പദ്ധതിയാണെന്ന് വിശദീകരിച്ച മുഖ്യമന്ത്രി നിർമാണ പ്രവർത്തനങ്ങൾക്ക് മൂന്നു വർഷം എടുക്കുമെന്ന് അറിയിച്ചു. ആദ്യഘട്ടത്തിൽ സർക്കാരുമായി സഹകരിച്ച പ്രതിപക്ഷം പിന്നീട് നിഷേധാത്മ സമീപനത്തിലേക്ക് പോയതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിമർശങ്ങളെ പ്രതിപക്ഷം തള്ളി. സർക്കാർ പ്രവർത്തനങ്ങളിലെ വീഴ്ചകളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അത് സർക്കാർ ഉൾകൊള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം റീ ബിൽഡ് കേരള പ്രവർത്തനങ്ങൾക്ക് സെക്രട്ടറിയേറ്റുമായി ബന്ധമില്ലാത്തതിനാലാണ് സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് എടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.