സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് ഇന്ന് പ്രാബല്യത്തിൽ വരും. 928 ഉൽപ്പന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.5 ശതമാനത്തിൽ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ബാധകമല്ല. വാഹനങ്ങൾ,മൊബൈൽ ഫോൺ,സിമന്റ് ഉൾപ്പടെയുളള ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില വർദ്ധിക്കും.
പ്രളയാനന്തര പുനർ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് 1 ശതമാനം പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്.12%,18%,28% ജി.എസ്.ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് മുതൽ സെസ് ചുമത്തുക. അരി,പഞ്ചസാര,ഉപ്പ്,പഴങ്ങൾ,പച്ചക്കറികൾ തുടങ്ങി 5% ത്തിൽ താഴെ ജി.എസ്.ടി നിരക്കുകൾ ബാധകമായ നിത്യോപയോഗ സാധനങ്ങൾക്കും ഹോട്ടൽ ഭക്ഷണം,ബസ്,ട്രയിൻ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ഏക ആശ്വാസം. ജി.എസ്.ടിക്ക് പുറത്തുളള പെട്രോൾ,ഡീസൽ,മദ്യം,ഭൂമി വിൽപ്പന എന്നിവയ്ക്കും സെസ് നൽകേണ്ടതില്ല.
സെസ് ചുമത്തുന്നതോടെ കാർ,ബൈക്ക്,ടിവി,റഫ്രിജറേറ്റർ,വാഷിംഗ് മെഷീൻ,മൊബൈൽഫോൺ,മരുന്നുകൾ,സിമന്റ് ,പെയിന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനത്ത് വില വർദ്ധിക്കും.100 രൂപ വിലയുളള ഉൽപ്പന്നത്തിന് 1 രൂപ കൂടുമ്പോൾ 10 ലക്ഷം രൂപയുളളതിന് 10000 രൂപ കൂടും. വാഹന ഇൻഷൂറൻസിൽ 500 രൂപ അധികമായി നൽകേണ്ടി വരും. സ്വർണ്ണം,വെളളി ആഭരണങ്ങൾക്ക് കാൽ ശതമാനമാണ് സെസ്.അതേ സമയം ജി.എസ്.ടി കുറച്ചപ്പോൾ വില കുറയ്ക്കാൻ തയ്യാറാകാത്ത വ്യാപാരികൾ സെസ് വരുന്നതോടെ അമിത വില ഈടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 2 വർഷത്തേക്കാണ് സർക്കാർ പ്രളയ സെസ് ഏർപ്പെടുത്തിയത്. ഇതുവഴി 1200 കോടി രൂപ കിട്ടുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ.