Kerala

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ശക്തമായ മഴ തുടരും, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴക്ക് കാരണം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനം വിലക്കി.

തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലുമായാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വരെ അതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറ‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണ്ടതാണ്. കനത്ത മഴക്കൊപ്പം ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സെപ്റ്റംബര്‍ 8 രാത്രി വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.