അവസാന വർഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എം ബി ബി എസ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സർവ്വകലാശാലയുടെ വിശദീകരണം.
ഇന്ന് നടന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. പ്രിൻസിപ്പൽമാരുടെ യോഗത്തിന്റെ മിനിറ്റ്സിൽ ഇക്കാര്യം വ്യക്തമാക്കുന്നു. സപ്ലിമെന്ററി പരീക്ഷകൾ ഇനി അടുത്ത സെപ്തംബറിൽ മാത്രമേ നടത്തൂ. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് സർവകലാശാല ആവശ്യപ്പെടുന്നു.
മതിയായ ക്ലിനിക്കൽ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാർത്ഥികളും ഇന്നലെ നടന്ന ആദ്യ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ക്ലിനിക്കൽ പോസ്റ്റിങ് നാല് മാസം പോലും തികച്ചു ലഭിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.