Kerala

സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച ലോക്ഡൗൺ, ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ച് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി. ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും ഇത് സംബന്ധിച്ച നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറിയായ തൃശൂർ സ്വദേശി ഡോ. കെ. ജെ പ്രിൻസാണ് ഹരജി നൽകിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനും, ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അഭിഭാഷകനായ അനിൽ തോമസ് കത്ത് നൽകിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡൻറ് എസ്. ജയകൃഷ്ണൻ ചീഫ് ജസ്റ്റിസിനും കത്ത് നൽകി. മാനദണ്ഡങ്ങൾ ലംഘിച്ച് ചടങ്ങ് നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന െപാലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.