India Kerala

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് സമാപനം;കലാപരിപാടി കാണാന്‍ ആളില്ല

സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങള്‍ക്ക് സമാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷമുള്ള കലാപരിപാടികള്‍ കാണാന്‍ ആളുകള്‍ കുറവായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വേദിയെന്ന നിലയിലാണ് പതിവിനു വിരുദ്ധമായി 1000 ദിനാഘോഷം സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ട ആഘോഷ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തോടെ സമാപനമായി.

തൊണ്ടവേദന മൂലം മുഖ്യമന്ത്രി സമ്മേളനത്തില്‍ സംസാരിച്ചില്ല. കേന്ദ്രത്തിന്റെ അവഗണനയിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞെന്ന് സദസിനെ അഭിസംബോധന ചെയ്ത മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. മുന്നൂറോളം കലാകാരന്മാര്‍ അണിനിരന്ന സമഭാവന മെഗാഷോയും അരങ്ങേറി.

ഉദ്ഘാടന സമയത്ത് ആളുണ്ടായിരുന്നെങ്കിലും കലാപരിപാടി തുടങ്ങിയത് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ നടത്തിയ ആയിരം ദിനാഘോഷം സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.