Kerala

സർക്കാരിന്റെ ആഡംബരക്കപ്പലിന് ഈ അവധിക്കാലത്ത് റെക്കോർഡ് വരുമാനം

സർക്കാരിന്റെ ആഡംബരക്കപ്പലിന് ഈ അവധിക്കാലത്ത് റെക്കോർഡ് വരുമാനം. മെയ് മാസം മാത്രം ഒരു കോടി രൂപ വരുമാനം സ്വന്തമാക്കി നെഫ്രിറ്റിറ്റിയെന്ന ആഡംബരക്കപ്പൽ കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികൾ വേറിട്ട യാത്രാനുഭവമാണ്.സീസണിലെ അവസാന യാത്ര പൂർത്തിയാക്കി നെഫ്രിറ്റിറ്റി അടുത്ത ഊഴം വിശ്രമത്തിലായിരിക്കും.

ടൂറിസം മേഖലയിൽ കെഎസ്‌ഐഎൻസിയുടെ പുത്തൻ പരീക്ഷണമായ നെഫ്രിറ്റിറ്റി പുതിയ ചരിത്രം കുറിച്ചിരിക്കുന്നു.കപ്പലിൽ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. മെയ് മാസത്തിൽ മാത്രം മുപ്പതിലേറെ ട്രിപ്പുകൾ പൂർത്തിയാക്കി ഒരു കോടിയിലധികം വരുമാനം നേടി, സീസണിൽ എല്ലാ ട്രിപ്പുകളും ഫുൾ ബുക്കിങ് ആയിരുന്നു.

വ്യക്തിഗത ടിക്കറ്റ് യാത്രകൾക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകൾക്കും, വിവാഹചടങ്ങുകൾക്കും മറ്റ് ആഘോഷങ്ങൾക്കും ക്രൂയിസിലെ ഹാൾ വാടകയ്ക്ക് നൽകും .48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുളള നെഫർറ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പിൽ 200 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, റെസ്റ്റോറൻറ്, കുട്ടികൾക്കുളള കളിസ്ഥലം, സൺഡെക്ക് ലോഞ്ച് ,ബാർ, 3ഡി തിയേറ്റർ തുടങ്ങിയവ സജീകരിച്ചിട്ടുണ്ട്.

മർച്ചൻറ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് റജിസ്റ്റർ ചെയ്ത ഈ കപ്പൽ പുറം കടലിൽ പോകാൻ ഐ.ആർ.എസ്. ക്ലാസ്സിലാണ് പണിതിരിക്കുന്നത്. 12 നോട്ടിക്കൽ മൈൽ വരെ ഉൾക്കടലിലേക്ക് ക്രൂയിസിന് സഞ്ചരിയ്ക്കാൻ അനുമതിയുണ്ട്.

ചുരുങ്ങിയ ചിലവിൽ അറബിക്കടലിൻറെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവർണ്ണാവസരമാണ് ഇത് ഒരുക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ്, കുടുംബസമേതം നെഫർറ്റിറ്റിയിൽ യാത്ര ചെയ്ത ശേഷം വേറിട്ട അനുഭവത്തെ കുറിച്ച് വാചാലനായിരുന്നു.കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി നെഫർറ്റിറ്റി സഹകരിക്കുന്നുണ്ട്. നാല് വർഷം മുമ്പ് ഈ കപ്പൽ ഇറക്കിയപ്പോൾ ഇതിന്റെ വിജയസാധ്യതകളെക്കുറിച്ച് ഏറെ ആശങ്കകൾ ഈ സീസണിൽ പൂർണമായി ഒഴിഞ്ഞു.