തിരുവനന്തപുരം പേരൂർക്കടയിലെ ദത്ത് വിവാദത്തിൽ നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.
അതേസമയം സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ഇന്ന് കോടതിയിൽ പോകാൻ ഇരുന്നതാണെന്നും, അതിന് മുമ്പാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന വിശ്വാസം തോന്നുന്നുണ്ട്. സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം. സമരം തുടരുന്നത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുപമ വ്യക്തമാക്കി.
തങ്ങളുടെ കുഞ്ഞ് എവിടെയെന്ന ചോദ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ അനുപമയും അജിത്തും നിരാഹാര സമരത്തിലാണ്. പരാതി അവഗണിച്ച ശിശുക്ഷേമ സമിതി അടക്കമുള്ള സംവിധാനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.