India Kerala

കാര്‍ട്ടൂണ്‍ വിവാദം; സി.പി.ഐയെ തള്ളി പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്‍

ലളിതകല അക്കാദമിയുടെ കാർട്ടൂൺ വിവാദത്തിൽ സി.പി.ഐ നിലപാട് തള്ളിയും പ്രതിപക്ഷ നിലപാട് സ്വാഗതം ചെയ്തും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. അവാർഡ് പുനഃപരിശോധിക്കാൻ ലളിതകല അക്കാദമിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലൻ നിയമസഭയില്‍ പറഞ്ഞു. മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടിയിൽ വിയോജിപ്പാണെന്ന് പ്രതിപക്ഷനേതാവും പറഞ്ഞു.

കാർട്ടൂൺ വിവാദത്തിൽ സർക്കാരും പ്രതിപക്ഷവും കൈ കോർക്കുകയും മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ യുടെ നിലപാട് മന്ത്രി എ. കെ ബാലൻ തള്ളിക്കളയുകയും ചെയ്യുന്നതാണ് ഇന്ന് നിയമസഭയിൽ കണ്ടത് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ചത്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കിലും അത് വഴിമത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലളിതകല അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നും അവാർഡിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലെന്നും പറഞ്ഞ സി.പി.ഐ നിലപാട് തളളിയാണ് മന്ത്രി മറുപടി നൽകിയത്. ആവിഷ്കാരസ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെങ്കിലും, മതചിഹ്നങ്ങളെ അധിക്ഷേപിച്ചതിനോട് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും എന്നാൽ സർക്കാർ നിലപാട് വ്യക്തമാക്കിയത് കൊണ്ട് പുനഃപരിശോധിക്കും അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു. മന്ത്രി പറഞ്ഞത് സർക്കാർ നിലപാടും കാനം പറഞ്ഞത് പാർട്ടി നിലപാടുമാണെന്നായിരിന്നു വിവാദത്തെ കുറിച്ച് മന്ത്രി വി.എസ് സുനിൽകുമാർ പ്രതികരിച്ചത്.