India Kerala

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സ്വര്‍ണ്ണക്കടത്ത്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണത്തില്‍ പ്രതിരോധത്തിലായി സംസ്ഥാന സര്‍ക്കാര്‍. ഐടി സെക്രട്ടറിയിലൂടെ മുഖ്യമന്ത്രിയെയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നാല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാരിന് കടക്കേണ്ടിയും വരും.

സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ശ്രമിച്ചുവെന്ന ആരോപണം മാത്രമല്ല സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലിക്ക് കയറിയത് എങ്ങനെയെന്ന ചോദ്യവും സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. സ്വപ്ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതിരോധം തീര്‍ക്കുക സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നയാള്‍ എങ്ങനെ ഐടി വകുപ്പില്‍ ജോലിക്ക് പ്രവേശിച്ചുവെന്ന ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരും.

സ്വപ്നയുടെ നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും നേരത്തെ കേസില്‍ അകപ്പെട്ട സ്ത്രീയെ നിലവിലെ നിയമന നിര്‍ദ്ദേശങ്ങള്‍ മറികടന്ന് എങ്ങനെ നിയമിച്ചുവെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും. ഐടി സെക്രട്ടറിക്കെതിരെയാണ് ആരോപണമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ ലക്ഷ്യം വച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഐടി സെക്രട്ടറിക്ക് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാള്‍ കൂടി ഇടപെട്ടുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം പിണറായി വിജയന്‍റെ ഏറ്റവും അടുപ്പക്കാരനിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നാല്‍ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ആരോണമായി മാത്രം ഇതിനെ തള്ളിക്കളയാന്‍ സര്‍ക്കാരിനാവില്ല.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് നാല് മണിക്കൂറിലധികം നീണ്ടു. രണ്ട് ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് സിസിടിവി പരിശോധിച്ചതില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിന് പുറത്തേക്ക് സ്വപ്ന പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. ഒളിവില്‍ കഴിയുന്ന സ്വപ്നക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കസ്റ്റംസ് അറിയിച്ചു.

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണക്കടത്തില്‍ സ്വപ്നക്കും പങ്കുണ്ടെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐടി വകുപ്പ് സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടിരുന്നു.