പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയെ സമീപിക്കുന്നതാണ് ശരിയായ മാർഗം. സർക്കാരിന്റെ അധികാര പരിധിയിലല്ലാത്ത കാര്യത്തിൽ നിയമസഭ പ്രമേയം പാസാക്കിയതിനെയാണ് താന്‍ എതിർത്തതെന്നും ഗവർണർ കൊല്ലത്ത് പറഞ്ഞു.
കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയപ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തിയത്. പൗരത്വ നിയമം പൂർണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യം ചര്‍ച്ച ചെയ്തു സമയം പാഴാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതി കേരളത്തെ ഒരു തരത്തിലും ബാധിക്കില്ല. വിഭജനം ബാധിക്കാത്ത സംസ്ഥാനമായ കേരളത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഇല്ലെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിനെതിരെയും ഗവര്‍ണര്‍ പ്രതികരിക്കുകയുണ്ടായി. പൊതുജനത്തിന്റെ പണം വികസനത്തിനായാണ് ഉപയോഗിക്കേണ്ടത്. രാഷ്ട്രീയ പ്രചാരണത്തിനായല്ല ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.