India Kerala

സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൌരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന് മുഖ്യമന്ത്രിയോട് വിശദീകരണം തേടും.

ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഗവര്‍ണറോട് ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഗവർണറുടെ പദവി ഭരണഘടനയിൽ വ്യക്തമാണ്. നിയമം എല്ലാവരെക്കാളും മീതെയാണ്. ഗവർണറുടെ ഒപ്പില്ലാതെ ഒരു ഉത്തരവും ഇറക്കാനാകില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

ഭരണഘടന തലവനായ തന്നെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും ഗവര്‍ണര്‍ രാവിലെ പറഞ്ഞിരുന്നു.

പൗരത്വ നിയമത്തിനെതിരെ 14നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തര്‍ക്കത്തിലിടപെടാന്‍ സുപ്രീംകോടതിക്ക് അനുമതി നല്‍‍കുന്ന ഭരണഘടന അനുഛേദം 131 പ്രകാരമാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍‌ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.