India Kerala

കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി ആലോചിക്കുന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി ആലോചിക്കുന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച കേസില്‍ തദ്ദേശ സ്വയംഭരണ അണ്ടര്‍ സെക്രട്ടറി ജി. അനില്‍ കുമാറിന്റെ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

പരിശോധനകളില്ലാതെ ഗ്രാമങ്ങളില്‍ പോലും ബഹുനില കെട്ടിടങ്ങളും ആളുകള്‍ ഒത്തു ചേരുന്ന കണ്‍വെന്‍ഷന്‍ സെന്ററുകളും ധാരാളം നിര്‍മിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെട്ടിടങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പു വരുത്താന്‍ ചട്ട ഭേദഗതിക്ക് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലൈസന്‍സും സര്‍ട്ടിഫിക്കറ്റും അടക്കം അര്‍ഹതയുള്ള രേഖകള്‍ ലഭിക്കാന്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ബില്‍ഡിംഗ് പെര്‍മിറ്റ്, ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ലഭ്യമാക്കാന്‍ സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പെടുത്തി. കെട്ടിട നിര്‍മാണാനുമതി അപേക്ഷ 45 ദിവസത്തിനകം തീര്‍പ്പാക്കാനും ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളില്‍ ഏഴു ദിവസത്തിനകം പരിശോധന നടത്തി ഒരു ദിവസത്തിനകം നല്‍കാനും ഉത്തരവിറക്കി.

ജില്ലാ തല ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി. നഗരകാര്യ വകുപ്പും പഞ്ചായത്ത് ഡയറക്ടറും പ്രതിമാസം എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് നിരീക്ഷിക്കും. വ്യവസായ സംരംഭകര്‍ക്ക് ഏകജാലക ക്ലിയറന്‍സിനുള്ള സോഫ്ട് വെയര്‍ കെ.എസ്.ഐ.ഡി.സി മുഖേന ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നുള്ള 35 സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും.

100 കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് വേഗം അനുമതി നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സെക്രട്ടറി ചെയര്‍മാനായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു.