കൊച്ചി മെട്രോയുടെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. കെഎംആർഎലിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.
എന്നാല്‍ കൊച്ചി മെട്രോ നിര്‍മാണത്തിലെ പിഴവ് സംബന്ധിച്ച പരിശോധന കെഎംആര്‍എല്ലിലും ഡിഎംആര്‍സിയിലും മാത്രമായി ഒതുങ്ങുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. പിഴവ് പറ്റിയെന്ന് ഇ ശ്രീധരന്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് മറ്റൊരു ഏജന്‍സിക്കൊണ്ട് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ ഇന്ന് തുടങ്ങും. ഡി.എം.ആര്‍.സി, എല്‍ ആന്‍ഡ് ടി, എയ്ജിസ്, കെ.എം.ആര്‍.എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍. അറ്റകുറ്റ പണിക്കുള്ള ചിലവുകൾ എല്‍ ആന്‍ഡ് ടി നിർവഹിക്കും. മറ്റ് മെട്രോ തൂണുകളിലും വിശദമായ പരിശോധന നടത്തും.
മഴക്കാലത്തിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്നും കൊച്ചി മെട്രോ കമ്പനി അറിയിച്ചു. ഈ ഭാഗത്ത് ട്രാക്കിന് ചരിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപാകത പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്.