ഇന്ന് കാസര്‍കോട് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്നും വൈറസ് ബാധയുടെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയായിരുന്നു.
നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച് 25 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 66 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6103 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 31,000 പേർ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി. കോവിഡ് സാധാരണ ജനജീവിതത്തെ ബാധിച്ചു. ഇത് സാമ്പത്തിക രംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുടുംബ ശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഈ മാസം നല്‍കും. സംസ്ഥാനത്താകെ എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും. കുറഞ്ഞ ചെലവിൽ 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണ ശാലകൾ തുറക്കും.
ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കുള്ള ഫിറ്റ്‍നസ് ചാര്‍ജില്‍ ഇളവ് നല്‍കും. അടുത്ത മൂന്ന് മാസം നല്‍കേണ്ട നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുതി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ പിഴ കൂടാതെ അടക്കാന്‍ ഒരു മാസത്തെ ഇളവ് അനുവദിച്ചു. എന്‍റെര്‍ടെയിന്‍മെന്‍റ് ടാക്സില്‍ തിയറ്ററുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി. അത്തരമൊരു ഘട്ടത്തില്‍ സേനാ വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് അഭ്യര്‍ഥിച്ചു. സേനകളുടെ ആശുപത്രി സൗകര്യം അടിയന്തര സാഹചരത്തിൽ വിട്ടു നൽകുമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ മാറ്റാന്‍ ഹെലികോപ്റ്ററും മറ്റ് വാഹനങ്ങളും വിട്ട് നല്‍കാന്‍ തയ്യാറാണെന്നും സേന അറിയിച്ചിട്ടുണ്ട്. താത്ക്കാലിക ആശുപത്രികള്‍ക്ക് ആവശ്യമായ സഹായം സേനാവിഭാഗങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് നാനാവിധ പിന്തുണ ലഭിക്കുന്നുണ്ട്. പരീക്ഷകള്‍ എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് നടക്കുന്നത്. ഇനി മൂന്ന് നാല് പരീക്ഷകളാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തില്‍ പരീക്ഷകള്‍ മാറ്റേണ്ടതില്ല. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകാന്‍ താത്പര്യപ്പെടുന്നവര്‍ തന്നെ ഇത്തവണ പോകുന്നില്ലെന്ന് നിലപാടെടുത്തു. പോകാന്‍ താത്പര്യപ്പെടുന്നവര്‍ പിന്മാറണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണയെ നേരിടാന്‍ നമുക്ക് എല്ലാവര്‍ക്കും ഒരു മനസ്സാണ്. ഈ സാഹചര്യത്തില്‍ ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.