Kerala

ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം: ഒറ്റപ്പെട്ട മഴക്ക് സാധ്യത

ബുറേവി ആശങ്കയൊഴിഞ്ഞ് കേരളം. ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കുന്നതിന് മുമ്പേ ന്യൂനമർദ്ദമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

തമിഴ്‍നാട് തീരം കടന്ന് കേരളത്തിലെത്തുമ്പോള്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്ററ്‍ വരെ മാത്രമായിരിക്കും വേഗത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രതക്ക് കുറവില്ല.

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. ന്യൂനമര്‍ദത്തിന്‍റെ വികാസവും സഞ്ചാരപഥവും വിലയിരുത്തിയ ശേഷമാകും ദുരന്ത നിവാരണ അതോറിറ്റി ഇനി മത്സ്യ ബന്ധനത്തിന് അനുമതി നല്‍കുക. ബുറെവി കേരളം വിടുന്നത് വരെയും മാറ്റിപ്പാര്‍പ്പിച്ച ആളുകള്‍ ക്യാമ്പുകളില്‍ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ദുര്‍ബലമാകുന്ന ബുറെവി എപ്പോള്‍ കേരളത്തിലെത്തുമെന്ന കാര്യത്തില്‍ കാലാവസ്ഥാനിരീക്ഷണം പുതിയ അറിയിപ്പ് നല്‍കിയിട്ടില്ല.