പ്രളയ ദുരന്തത്തില്‍ രണ്ട് പേര്‍ മരിച്ച വയനാട്ടിലെ മക്കിമല ഗ്രാമത്തില്‍ ഇനിയും പുനരധിവാസം എങ്ങുമെത്തിയില്ല. ഒന്നര മാസക്കാലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ തലപ്പുഴ മക്കിമല പ്രദേശത്തെ 29 കുടുംബങ്ങളാണ് ഇപ്പോഴും ആശങ്കയുടെ നിഴലിൽ കഴിയുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലെ മലവെള്ളപ്പാച്ചിലിൽ തലപ്പുഴ മക്കിമലക്കാർക്ക് നഷ്ടമായത് ഒരു കുടുംബത്തിലെ രണ്ടുപേരെയാണ്. ഓഗസ്റ്റ് 9ന് നേരം പുലർന്നപ്പോൾ ഉരുൾപ്പൊട്ടലിൽ പ്രദേശവാസിയായ മംഗലശ്ശേരി റസാക്കും ഭാര്യ സീനത്തും മണ്ണിനടിയിലകപ്പെടുകയായിരുന്നു. പിന്നീട് ഒന്നരമാസക്കാലം സമീപവാസികളായ 29 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിഞ്ഞു കൂടി.
ഇവർ താമസിക്കുന്ന കുന്നിൽ മുകളിൽ ഒരു മീറ്റർ വീതിയിൽ മല പിളർന്നതോടെ വീടുകളിലെ ഇവരുടെ അന്തിയുറക്കം ഭീതിയോടെയാണ്. ഇപ്പോഴും ആ വിള്ളൽ അങ്ങനെ തന്നെ നിൽക്കുന്നു. വിദഗ്ദ്ധ സംഘം പരിശോധന നടത്തിയതിൽ പ്രദേശത്ത് താമസ യോഗ്യമല്ലന്നാണ് അറിയിച്ചത്. ഇവിടുത്തെ താമസക്കാരിൽ 4 കുടുംബം ഇപ്പോഴും വാടക വീടുകളിൽ കഴിഞ്ഞു വരുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കുടുംബങ്ങൾക്ക് വീട് അനുവദിച്ചുകിട്ടിയെങ്കിലും പ്രദേശത്ത് വാസയോഗ്യമല്ലെന്ന കാരണത്താൽ പഞ്ചായത്തിൽ എഗ്രിമെന്റ് വെക്കാൻ പോലും സാധിക്കുന്നില്ല. കാലവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭീതിയിൽ തന്നെയാണ് ഈ പ്രദേശത്തുകാർ.