സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രണ്ട് ദിവസത്തിനിടെ 51 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്.
വയനാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്താകെ 929 ദുരിതാശ്വാസ ക്യാമ്പുകളിലായി 93088 പേരാണ് കഴിയുന്നത്. ഇന്നലെ മാത്രം 40 പേരാണ് പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചത്. മധ്യകേരളത്തില്‍ പലയിടത്തും രാത്രിയോടെ മഴ ശക്തിപ്പെട്ടു. പത്തനംതിട്ടയിലും ആലപ്പുഴയിലും രാത്രി ശക്തമായ മഴ പെയ്തു. എന്നാല്‍ കനത്ത നാശം വിതച്ച വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. അടിയന്തര ദുരിതാശ്വാസത്തിനായി എല്ലാ ജില്ലകള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ഇരുപത്തി രണ്ടര കോടി രൂപ അനുവദിച്ചു.