India Kerala

പ്രളയ ദുരിതാശ്വാസ നിധി: 7,000കോടിയില്‍ 25% പോലും സർക്കാർ ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം

പ്രളയത്തിന് പിന്നാലെ 7,000 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടും 25 ശതമാനം പോലും സർക്കാർ ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. പുനർനിർമ്മാണം സെക്രട്ടറിയേറ്റിലെ ചുവപ്പ് നാടയിൽ കുടുങ്ങിയെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ വി.ഡി സതീശൻ ആരോപിച്ചു.

പുനര്‍നിര്‍മാണത്തില്‍ സർക്കാരിന്റേത് മാതൃകാപരമായ ഇടപെടൽ ആണെന്നും പ്രതിപക്ഷത്തിനുള്ളത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രളയം കഴിഞ്ഞ് അഞ്ചര മാസം കഴിഞ്ഞിട്ടും പുനർനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നില്ലെന്നും, ദുരിതബാധിതർക്ക് ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രളയത്തിൽ തകർന്ന വീടുകളുടെ എണ്ണം കുറച്ച് കാണിക്കാൻ സർക്കാർ പരോക്ഷമായി ശ്രമിച്ചുവെന്ന് വി.ഡി സതീശൻ ആരോപിച്ചു.

എന്നാൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച റവന്യൂ മന്ത്രി ഫെബ്രുവരി 15നകം എല്ലാവർക്കും സഹായം നൽകുമെന്നും വ്യക്തമാക്കി. പുനർനിർമ്മാണത്തിൽ സർക്കാർ പൂർണ പരാജയമാണെന്നും ഒരു പുനർനിർമ്മാണവും സർക്കാർ നടത്താൻ പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.