India Kerala

പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം

പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് സർക്കാർ തലത്തിൽ ധാരണ. ജൂലൈ ഒന്നു മുതൽ സെസ് പിരിച്ചു തുടങ്ങാനാണ് ആലോചന. നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില കയറ്റുന്ന സെസ് തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സർക്കാർ നീക്കം.എന്നാൽ സാങ്കേതിക കാരണങ്ങളാണ് സെസ് ഈടാക്കൽ നീട്ടാൻ കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയ ബജറ്റിലെ നിർദ്ദേശം വൻ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ വിലക്കയറ്റമുണ്ടാകില്ലെന്നും പറഞ്ഞ് വില കയറ്റരുതെന്നുമായിരിന്നു ധനമന്ത്രിയുടെ മറുപടി. എന്നാൽ ഇടത് മുന്നണിയിലും സമാന വിമർശനം വന്നതോടെയാണ് സെസ് പിരിവ് നീട്ടാൻ നിർബന്ധിതമായത്. ബജറ്റ് നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാക്കലാണ് പതിവെങ്കിലും സെസ് പിരിവ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്നാണ് ധാരണ.വിലക്കയറ്റ ഭീതി ജനങ്ങളിലുണ്ടായാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ഭയം ഇടത് നേതാക്കൾക്കുണ്ടായതിനെ തുടർന്നാണ് സെസ് പിരിവ് നീട്ടാൻ സർക്കാർ നിർബന്ധിതമായത്.

എന്നാൽ തീരുമാനം നീട്ടി വയ്ക്കാൻ സാങ്കേതിക കാരണങ്ങളാണ് സർക്കാർ പറയുന്നത്.സെസ് പിരിക്കാൻ ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തുകയാണ് ആദ്യ നടപടി. ഒപ്പം ജി.എസ്.ടി സോഫ്റ്റ് വേറിൽ മാറ്റം വരുത്തുകയും വേണം. നിയമ ഭേദഗതിക്ക് നടപടി തുടങ്ങിയെങ്കിലും സോഫ്റ്റ്‍വയര്‍ മാറ്റം കേന്ദ്ര കമ്പനിയാണ് ചെയ്യണ്ടത്. ഇത് പൂർത്തിയായാലെ സെസ് പിരിവ് നടക്കുമെന്നാണ് സർക്കാർ വിശദീകരണം. ഇതിൽ പിടിച്ച് സെസ് പിരിവ് നീട്ടി വയ്ക്കാനാണ് സർക്കാർ നീക്കം.