India Kerala

പ്രളയ ശേഷം ഒറ്റപ്പട്ട് മാന്‍കുന്ന് കോളനി

പ്രളയത്തിൽ നടപ്പാലം തകർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് വയനാട്ടിലെ മാൻകുന്ന് കോളനിവാസികൾ. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് 100ൽപ്പരം പേർ ഒപ്പിട്ട് നൽകിയ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. നിവേദനം കാണാനില്ലെന്ന വിചിത്രവാദമാണ് പഞ്ചായത്ത് അധികൃതര്‍ നിരത്തുന്നത്

വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മാൻകുന്ന് പ്രദേശത്തെ 200ഓളം കുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകരുകയായിരുന്നു. മാൻകൊല്ലി തോടിന് കുറുകെ 15 വർഷം മുമ്പ് നിർമ്മിച്ച നടപ്പാലം തകർന്നിട്ട് ആറു മാസം കഴിഞ്ഞു. ഇതുവരെ പാലം നന്നാക്കാൻ നടപടിയില്ല.

മാൻകുന്ന് ആദിവാസി കോളനിയിലെ 30ൽപ്പരം കുടുംബങ്ങളും ജനറൽ വിഭാഗത്തിൽപ്പെടുന്ന നൂറിൽപ്പരം കുടുംബങ്ങളുമാണ് ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. നടപ്പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് നൂറിൽപ്പരം ആളുകൾ ഒപ്പിട്ട നിവേദനം 2019 ജനുവരി 22 ന് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നൽകിയിരുന്നു. അതിന്റെ രസീതും നാട്ടുകാരുടെ കൈയ്യിലുണ്ട്. എന്നാൽ ഇപ്പോൾ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു നിവേദനം തന്നെ ഫയലിലില്ലെന്ന മറുപടിയാണ് പഞ്ചായത്തധികൃതരിൽ നിന്ന് ലഭിച്ചത്.

പാലം തകർന്നതോടെ മേപ്പാടി, അരപ്പറ്റ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളും ദുരിതത്തിലായിരിക്കുകയാണ്. രോഗികളുടെ യാത്രയാണ് ഏറെ ദുഷ്കരം. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും നടപ്പാലം നന്നാക്കാനുള്ള നടപടി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം