പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഡാം തുറന്ന് വെള്ളം കുത്തിയൊലിച്ചുണ്ടായ നാശങ്ങളുമാണ് കാര്‍ഷിക ജില്ലയായ ഇടുക്കിയെ പിന്നോട്ടടിച്ചത്. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുള്‍പ്പെടെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലാണ്. ഇടുക്കി ജില്ലയില്‍ മാത്രം പ്രളയം തൂത്തെറിഞ്ഞത് 57 ജീവനുകളാണ്.
പ്രളയദിനങ്ങളില്‍ ഇടുക്കി ഡാമില്‍ നിന്ന് പൊടുന്നനെ വെള്ളം അമിതമായി തുറന്നുവിട്ടതോടെ ചെറുതോണി പട്ടണം മുതല്‍ ലോവര്‍ പെരിയാര്‍ വരെ പല ജീവിതങ്ങളും വഴിമുട്ടി. 287 ഉരുള്‍പൊട്ടലുകളും രണ്ടായിരത്തിലധികം മണ്ണിടിച്ചിലും കാര്‍ഷിക ഭൂമിയെ താറുമാറാക്കിയതോടൊപ്പം 57 പേരുടെ ജീവനുകളാണ് മണ്ണിനടിയിലാക്കിയത്. 986 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ചെറുതും വലുതുമായ റോഡുകള്‍ 90 ശതമാനവും താറുമാറായി. സര്‍ക്കാരിന്റെ അടിയന്തര സഹായം പോലും നിരവധി പേര്‍ക്ക് ലഭ്യമായില്ലെന്ന പരാതി നിലനില്‍ക്കുമ്പോഴും കര കയറാനുള്ള ശ്രമത്തിലാണ് ഇടുക്കി ജനത.