2018ലെ പ്രളയത്തിൽ വീട് തകർന്ന 30,000ത്തിലധികം പേർക്ക് ധനസഹായം നൽകാനുണ്ടെന്ന് സർക്കാർ കണക്ക്. പൂർണ്ണമായി വീട് തകർന്ന 8000 പേരും ഇതിൽ ഉൾപ്പെടും. നഷ്ടപരിഹാരം കിട്ടാത്തവർക്ക് ഒരു മാസത്തിനകം നൽകണമെന്നാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്. ധനമന്ത്രി പറഞ്ഞത് കൊടുത്ത സഹായത്തിന്‍റെ കണക്ക്. എന്നാൽ സർവ്വേ പൂർത്തിയാക്കിയിട്ടും അർഹതപ്പെട്ട ധനസഹായം ലഭിക്കാനുള്ളത് പതിനായിരങ്ങളെന്ന് സർക്കാരിന്‍റെ വെബ്സൈറ്റിൽ തന്നെ വ്യക്തമായിട്ടുണ്ട്.
വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ട 15,632 പേരിൽ 7011 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകാനായി. സഹായം ഇനി ലഭിക്കാനുള്ളത് 8621 പേർക്ക്. 3,06,766 വീടുകൾ ഭാഗികമായി തകർന്നു. ഇതിൽ 2,82,019 പേർക്കായി 1540 കോടി രൂപ നൽകി. 24,747 പേർക്ക് ഇതുവരെയും സഹായം ലഭിച്ചില്ല. അടിയന്തിര സഹായമായ 10,000 രൂപ ഇനിയും നിരവധി പേർക്ക് കിട്ടാനുണ്ട്. 7, 37,475 പേർക്കായി 457.23 കോടി രൂപ ചിലവഴിച്ചുവെന്നാണ് സർക്കാർ പറയുന്നത്.
നഷ്ടപരിഹാരത്തിന് അർഹരായ മുഴുവൻ പേരെയും കണ്ടെത്തി ഒരു മാസത്തിനകം സഹായം നൽകണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. പുതുതായി ലഭിച്ച അപേക്ഷയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് സർക്കാർ സാവകാശം തേടിയിട്ടുണ്ട്.