India Kerala

മലമ്പുഴ ഡാമിലേക്കുള്ള കൈവഴികളും വറ്റിവരളുന്നു

ശക്തമായ പ്രളയം വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നു. മലകളില്‍ നിന്നും ഉല്‍ഭവിക്കുന്ന പല പുഴകളും, നീരുറവകളും വറ്റിക്കഴിഞ്ഞു. കടുത്ത ജലക്ഷാമത്തിനു സാധ്യത.

ഇത് മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന നൊച്ചിതോട്. ഒരു തുള്ളിവെള്ളമില്ലാത്തവിധം പൂര്‍ണമായും വറ്റി. വലിയ പുഴ, മൈലാടി പുഴ, ഒന്നാം പുഴ തുടങ്ങിയ പുഴകളെല്ലാം ചെറിയ നീരുറവകളായിമാത്രം ഒഴുകുന്നു. നീരൊഴുക്ക് കുറഞ്ഞാല്‍ ഡാമിലേത്തുന്ന വെള്ളവും ഗണ്യമായി കുറയും ഇത് ലക്ഷകണക്കിനാളുകളുടെ കുടിവെള്ളത്തെ ബാധിക്കും. മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാത്തവിധമാണ് ജലാശയങ്ങള്‍ വറ്റുന്നത്.

മലമ്പുഴ ഡാമിലേക്കെത്തുന്ന ജലാശയങ്ങള്‍ക്ക് മാത്രമല്ല ഈ അവസ്ഥ. പ്രളയത്തിനുശേഷം പല പുഴകളുടെയും ഉറവവരെ മണ്ണിനടിയില്‍പെട്ട് ഇല്ലാതായി. ശക്തമായ വെള്ളപൊക്കം വരള്‍ച്ചക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. പുഴകളടക്കമുള്ള നീരുറവകള്‍ വറ്റുന്നത് വലിയ തോതിലുള്ള കുടിവെള്ളക്ഷാമത്തിന് കാരണമാകും.