India Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ കമ്മീഷന്‍ അപ്പീല്‍ പോയേക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019 വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. വിധിപ്പകര്‍പ്പ് ഇന്ന് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം താമസിക്കാതെ എടുക്കാനാണ് കമ്മീഷന്‍ ആലോചി‌ക്കുന്നത്. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാലുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടുന്നതിനെ കുറിച്ച് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്.

ഒക്ടോബര്‍ മാസത്തില്‍ നടത്താനാലോചിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്‍ തീരുമാനത്തെ തള്ളിയാണ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. 2015ലെ പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കുന്ന നടപടികള്‍ അന്തിമ ഘടത്തില്‍ എത്തി നില്‍ക്കെ വന്ന കോടതി വിധി തിരിച്ചടിയായിട്ടാണ് കമ്മീഷന്‍ കാണുന്നത്. അതുകൊണ്ട് തന്നെയാണ് അപ്പീല്‍ പോകാനുള്ള ആലോചനകളിലേക്ക് കമ്മീഷന്‍ കടക്കുന്നത്.

2019 ലെ പട്ടിക വച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിയെടുക്കേണ്ട ബുദ്ധിമുട്ടുകള്‍ കോടതിയെ അറിയിക്കാനാണ് ആലോചന. 2015ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലും, 2019ലേത് ബൂത്ത് അടിസ്ഥാനത്തിലുമാണുള്ളത്. 25000ത്തോളം ബുത്തുകള്‍ കേരളത്തിലുണ്ട്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ട് നമ്പര്‍ അടക്കം പരിശോധിക്കണം, കരട് പട്ടിക തയ്യാറാക്കണം തുടങ്ങി ഇതുവരെ നടത്തിയ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യണം. അപ്പീല്‍ നല്‍കുന്നെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടാനാണ് കമ്മീഷന്‍ ആലോചന.

ഭരണഘടനാസ്ഥാപനമായതുകൊണ്ട് കമ്മീഷന്‍ തീരുമാനത്തില്‍ സുപ്രീംകോടതി കൈകടത്തില്ലെന്ന വിശ്വാസവും തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഇന്ന് വിധിപ്പകര്‍പ്പ് കിട്ടിയാല്‍ നാളെയോ മറ്റെന്നാളോ അപ്പീല്‍ പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും