India Kerala

കരുതലോടെ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും

ആഭ്യന്തര തര്‍ക്കം കോടതി കയറിയതോടെ കരുതലോടെ മുന്നോട്ട് നീങ്ങാന്‍ കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് വിഭാഗവും. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അനുകൂല നിലപാടുണ്ടാക്കാനാണ് രണ്ട് വിഭാഗങ്ങളുടെയും ഇനിയുള്ള ശ്രമം. പാര്‍ട്ടിയില്‍ പിന്തുണ സമാഹരിക്കാനും ശ്രമം നടക്കും. നിയമസഭയില്‍ ജോസഫിനെ അംഗീകരിച്ചാകും ജോസ് കെ.മാണി വിഭാഗവും മുന്നോട്ട് പോവുക.

സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ജോസ് കെ.മാണിയെ ചെയര്‍മാനാക്കി പ്രഖ്യാപിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ച ജോസ് കെ.മാണി വിഭാഗത്തിന് തൊടുപുഴ മുന്‍സിഫ് കോടതി വിധിയാണ് തിരിച്ചടിയായത്. കോടതി വിധി എതിരാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിജയിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ജോസ് കെ.മാണിയും കൂട്ടരും. രണ്ട് എം പിമാരും രണ്ട് എം എല്‍ എ മാരുടെ പിന്തുണ, കൂടാതെ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം ഇത് രണ്ടും തുണയാകുമെന്ന് അവര്‍ കരുതുന്നു. അതിനാല്‍ കമ്മീഷന്‍ തീരുമാനം വരുന്നതുവരെ മറ്റു നടപടികളിലേക്ക് അവര്‍ നീങ്ങില്ല. നിയമസഭയില്‍ പി.ജെ ജോസഫിനെ നേതാവായെ അംഗീകരിച്ചു തന്നെ പോകും. എന്നാല്‍ കോടതി വിധിയോടെ നിയമപോരാട്ടത്തില്‍ മേല്‍കൈ ലഭിച്ച പി.ജെ ജോസഫ് വിഭാഗം പാര്‍ട്ടില്‍ മേധാവിത്വം നേടാന്‍ ശ്രമം തുടരും. സി.എഫ് തോമസ്, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടാന്‍ തുടങ്ങി മാണി വിഭാഗത്തിലെ പ്രമുഖര്‍ ഇപ്പോള്‍ ജോസഫ് വിഭാഗത്തിനൊപ്പമുണ്ട്.

സംസ്ഥാന സമിതി ഉള്‍പ്പെടെ ഘടകകങ്ങളില്‍ പിന്തുണ തേടാന്‍ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കാനാണ് ജോസഫും കൂട്ടരു ംഉദ്ദേശിക്കുന്നത്. സംസ്ഥാന സമിതി നിയമപരമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടി ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയനേട്ടമാകുമെന്നും അവര്‍ കരുതുന്നു. കൂടുതല്‍ പേരെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാകും അതുവരെ ജോസഫ് വിഭാഗം. യു.ഡി.എഫ് നേതാക്കളുടെയും മധ്യസ്ഥരുടെയും പിന്തുണയും പി.ജെ ജോസഫിന് അനുകൂല ഘടകമാണ്. എന്തായാലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ചാകും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാവി എന്നത് ഉറപ്പായി.