India Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിയമപോരാട്ടത്തിലേക്ക്

ഒരു വിഭാഗം ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിയമപോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായി. വിമത നീക്കമായി കാണണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചവര്‍ക്ക് പാര്‍ട്ടി എങ്ങനെ ലഭിക്കുമെന്ന ചോദ്യമാകും ജോസ് കെ. മാണി വിഭാഗം മുന്നോട്ട് വെക്കുക.

ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി വിമത നീക്കമായി കണ്ട് നടപടി സ്വീകരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമടക്കമുളള നിലപാട് ഇതില്‍ നിര്‍ണ്ണായകമാകും. തര്‍ക്കം കോടതി കയറാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ തീരുമാനം. കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചവര്‍ക്ക് പാര്‍ട്ടി സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള കോണ്‍ഗ്രസ് പി.സി തോമസുമായി നടന്ന കേസ് ഉയര്‍ത്തിക്കാട്ടിയാകും നീക്കം.

നിയമ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഉടന്‍ തന്നെ ജോസഫ് വിഭാഗവും സംസ്ഥാന സമിതി വിളിച്ച് ചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്. സി.എഫ് തോമസിനെയടക്കം പങ്കെടുപ്പിച്ചായിരിക്കും സംസ്ഥാന സമിതി ചേരുക. അങ്ങനെ വന്നാല്‍ തര്‍ക്കം വീണ്ടും തെരുവിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.