India Kerala

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് കളമൊരുങ്ങി. കോട്ടയത്ത് നടന്ന സമവായ ചര്‍ച്ചയും പരാജയപ്പെട്ടു. സഭാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിളിച്ച യോഗത്തിന് ജോസ് കെ.മാണി വിഭാഗം നേതാക്കള്‍ എത്തിയില്ല. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ടുള്ള ഒത്ത് തീര്‍പ്പ് വേണ്ടെന്നാണ് ഇവരുടെ നിലപാട്. ഇതോടെ പാര്‍ലമെന്ററി യോഗം ഉടന്‍ വിളിക്കാന്‍ പിജെ ജോസഫും തീരുമാനിച്ചു.

തര്‍ക്കം രൂക്ഷമാകുന്നതിനിടെയിലാണ് സി.എഫ് തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ അവസാനവട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നിശ്ചയിച്ചത്. എന്നാല്‍ ജോസഫ് വിഭാഗം നേതാക്കളായ പി.ജെ ജോസഫും മോന്‍സ് ജോസഫും ചര്‍ച്ചകള്‍ക്ക് എത്തിയെങ്കിലും ജോസ് കെ.മാണി വിഭാഗത്തിലെ നേതാക്കളാരും എത്തിയില്ല. ചെയര്‍മാന്‍ സ്ഥാനം വിട്ട് നലകികൊണ്ടുള്ള ചര്‍ച്ചകള്‍ വേണ്ടെന്നാണ് ജോസ് കെ.മാണി വിഭാഗത്തിന്റെ നിലപാട്. സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയാകാമെന്നാണ് ഇവര്‍ പറയുന്നത്. ജോസ് കെ.മാണി വിഭാഗം വിട്ടു നിന്നതോടെ പാര്‍ലമെന്ററി യോഗം ഉടന്‍ തന്നെ ചേരാന്‍ പി.ജെ ജോസഫ് തീരുമാനിച്ചു. ഇന്നോ നാളെയോ യോഗം വിളിച്ച് സ്പീക്കറെ തീരുമാനം അറിയിക്കാനാണ് നീക്കം. എന്നാല്‍ ഇതിനെതിരെ ജോസ് കെ മാണി വിഭാഗം വീണ്ടും സ്പീക്കര്‍ക്ക് കത്ത് നല്കിയേക്കും. സംസ്ഥാന സമിതി വിളിക്കാത്ത സാഹചര്യത്തില്‍ ഭരണഘടനയിലെ മറ്റ് സാധ്യതകള്‍ കൂടി ജോസ് കെ.മാണി വിഭാഗം തേടുന്നുണ്ട്.