India Kerala

രണ്ട് സീറ്റ് അംഗീകരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് തിരിച്ചടിയാകും

യു.ഡി.എഫുമായുള്ള ഉഭയകക്ഷി ചർച്ചയിൽ രണ്ടു സീറ്റ് എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കേരള കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്ന് സൂചന. ഏക സീറ്റിൽ പി.ജെ ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് മാണി വിഭാഗത്തിന് തിരിച്ചടിയാകും. ജോസഫിന് പകരംവെക്കാൻ സ്ഥാനാർത്ഥികൾ ഇല്ലാത്തതും യു.ഡി.എഫിന്റെ സമ്മർദ്ദവും ജോസഫിന്റെ നീക്കങ്ങൾക്ക് മുന്നിൽ മാണിയെ മുട്ടുകുത്തിച്ചേക്കാം.

സീറ്റിന് വേണ്ടിയുള്ള അവകാശവാദം പി.ജെ ജോസഫ് പരസ്യമായി പറഞ്ഞതോടെയാണ് രണ്ട് സീറ്റെന്ന ആവശ്യം മാണി വിഭാഗം ശക്തമായി മുന്നോട്ടുവെക്കുന്നത്. എന്നാൽ യു.ഡി.എഫ് ഇത് അംഗീകരിക്കാൻ സാധ്യതയില്ല. പാർട്ടിക്കുള്ളിൽ കരുത്ത് തെളിയിക്കാൻ മാണി വിഭാഗത്തിന് ഒരു സീറ്റ് അനിവാര്യമാണ്. പക്ഷെ കേരള കോൺഗ്രസിനു ലഭിക്കുന്ന ഏക സീറ്റിൽ ജോസഫ് മത്സരിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ജോസ് കെ.മാണിയെ അമരക്കാരൻ ആകാനുള്ള മാണിയുടെ നീക്കങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. അതുകൊണ്ടുതന്നെ പൊതുസമ്മതനായ ഒരു സ്ഥാനാർഥിയെ കൊണ്ടുവന്ന് പി.ജെ ജോസഫിന്റെ നീക്കങ്ങളെ ചെറുക്കാനാകും മാണി ശ്രമിക്കുക.

സഭാനേതൃത്വവും മാണിക്ക് വേണ്ടി രംഗത്ത് വന്നേക്കാം. എന്നാൽ വിജയ സാധ്യത കണക്കിലെടുത്ത് പി.ജെ ജോസഫ് തന്നെ മത്സരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടാൽ മാണിയുടെ നീക്കങ്ങൾ തകരും. അങ്ങനെ വന്നാൽ പാർട്ടിയിൽ പി.ജെയ്ക്ക് മേൽക്കൈ നേടാനാകും. ഇടതുപക്ഷത്തേക്ക് പോകേണ്ട കേരള കോൺഗ്രസിലെ യു.ഡി.എഫിനൊപ്പം നിർത്തിയത് താനാണെന്ന് വാദമാണ് പി.ജെ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ പിന്തുണ പി.ജെ ജോസഫിന് ഒപ്പമാണ്. പി.ജെ ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായാൽ വിജയിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങളും മാണി വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കാം. അങ്ങനെ വന്നാൽ അത് വീണ്ടും കേരള കോൺഗ്രസിനെ പ്രതിസന്ധിയിലാക്കും. ആയതിനാൽ സീറ്റ് വെച്ചു മാറുന്ന കാര്യങ്ങളും യു.ഡി.എഫ് ആലോചിക്കും. ഉമ്മൻചാണ്ടി മത്സര രംഗത്തേക്ക് വന്നാൽ പി.ജെയ്ക്ക് ഇടുക്കി നൽകി ഉമ്മൻചാണ്ടിയെ കോട്ടയത്ത് മത്സരിപ്പിക്കാനും നീക്കങ്ങൾ നടന്നേക്കാം.