Kerala

കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു

കേരള കോൺഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങൾ തമ്മിൽ ലയിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനായുള്ള യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടികള്‍ ലയനപ്രഖ്യാപനം നടത്തിയത്. ചിഹ്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജോസഫ് വിഭാഗം നിര്‍ണായക തീരുമാനത്തിലേക്ക് നീങ്ങിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് പി സി തോമസിനെ യുഡിഎഫ് വേദിയിലേക്ക് സ്വീകരിച്ചത്. ശേഷം ലയന പ്രഖ്യാപനം നടന്നു. പിസി തോമസ് എത്തേണ്ട ഇടത്താണ് എത്തിയിരിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനാധിപത്യ ശക്തികൾ ഒന്നിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് കോട്ടയിൽ നിന്ന് പുറത്തുപോയതിൽ ഹൃദയവേദനയുണ്ടെന്ന് പിസി തോമസ് പറഞ്ഞു. രണ്ടു പാർട്ടികളും ഈ വേദിയിൽ വച്ച് ഔദ്യോഗികമായി ഒന്നിക്കുകയാണ്. തിരിച്ചു വരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എല്ലാ കേരള കോൺഗ്രസുകളെയും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പിസി തോമസ് പറഞ്ഞു.

ഐക്യജനാധിപത്യമുന്നണിയെ ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനമെന്ന് മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെയും കേരള കോൺഗ്രസിനെയും വഞ്ചിച്ച ജോസ് വിഭാഗത്തിന് ശക്തമായ തിരിച്ചടി ലഭിക്കും. ഇതിൻ്റെ തുടക്കം ആണ് ഇന്ന് കടുത്തുരുത്തിയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും നഷ്ടമായതോടെയാണ് പിജെ ജോസഫ് പക്ഷം ലയനതീരുമാനം എടുത്തത്. പിജെ ജോസഫ് ചെയര്‍മാനായും, പിസി തോമസ് ഡെപ്യൂട്ടി ചെയര്‍മാനായുമാണ് പാര്‍ട്ടിയുടെ പുനസംഘടന. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ബ്രാക്കറ്റ് ഇല്ലാത്ത കേരള കോൺഗ്രസിൻ്റെ ലേബലിൽ മത്സരിക്കാം. സൈക്കിൾ ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫിൻ്റെ നീക്കം.