കെ.പി.സി.സി ഹൈകമാന്‍ഡിന് സമര്‍പ്പിച്ച ഭാരവാഹികളുടെ പട്ടിക പുറത്ത്. വര്‍ക്കിങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 44 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് സംസ്ഥാന നേതൃത്വം കൈമാറിയത്. യുവാക്കളുടെ പ്രതിനിധ്യം രണ്ടു പേരിലും വനിതാ പ്രാതിനിധ്യം മൂന്നുപേരിലും ചുരുക്കി.
കെ സുധാകരനും കൊടിക്കുന്നിലിനും പുറമെ വി.ഡി സതീശന്‍, തമ്പാനൂര്‍ രവി എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. എ.ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് രണ്ടു പേരും. എ ഗ്രൂപ്പിന്‍റെ നാലും ഐ ഗ്രൂപ്പിന്‍റെ 4 ഉം ഉള്‍പ്പെടെ 8 വൈസ് പ്രസിഡന്‍റുമാര്‍ ഭാരവാഹി പട്ടികയിലുണ്ട്.
വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, കെ ബാബു, വര്‍ക്കല കഹാര്‍, ജോസഫ് വാഴക്കന്‍, റോസക്കുട്ടി ടീച്ചര്‍, കെ.പി ധനപാരന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്‍ കെ.കെ കൊച്ചുമുഹമ്മദിന്‍റ പേരാണ് ട്രഷറര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
31 ജനറല്‍ സെക്രട്ടറിമാര്‍ പുതിയ ഭാരവാഹി പട്ടികയിലുണ്ട്. എ ഗ്രൂപ്പിന് 15, ഐ ഗ്രൂപ്പിന് 13, രണ്ട് ഗ്രൂപ്പിലും പെടാത്ത മൂന്നു പേര്‍ എന്നിങ്ങനെയാണ് പട്ടിക വിഭജിച്ചിരിക്കുന്നത്. പാലോട് രവി, ശിവദാസന്‍ നായര്‍, റോയ് കെ പൌലോസ്, ഡൊമനിക് പ്രസിന്‍റേഷന്‍, കെ.സി അബു എന്നിവര്‍ എ വിഭാഗത്തിന്‍റെ പ്രതിനിധികളാണ്.
ഐ ഗ്രൂപ്പിന്‍റെ പ്രതിനിധികളായി പദ്മജ വേണുഗോപാല്‍, എ.എ ഷുക്കൂര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എന്‍ സുബ്രഹ്മണ്യന്‍ എന്നവരുള്‍പ്പെടെയുള്ളവരുണ്ട്. വി.എം സുധീരന്‍ അനുകൂലികളായ ടോമി കല്ലാനിയും ജോണ്‍സണ്‍ എബ്രഹാമും, പി.സി ചാക്കോയുടെ നോമിനിയായ ഡി സുഗതനും ഗ്രൂപ്പില്ലാത്തവരായി ജനറല്‍ സെക്രട്ടമാരാകും.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷിലും കെ.എസ്.യു മുന്‍ പ്രസിഡന്‍റ് വി.എസ് ജോയിലുമായി യുവജന പ്രതിനിധ്യം ഒതുക്കി. പത്മജ, റോസക്കുട്ടി, രമണി പി നായര്‍ എന്നിവര്‍ മാത്രമാണ് 44 അംഗ പട്ടികയിലെ വനിതാ പ്രാതിനിധ്യം.
പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗത്തിനും പ്രാതിനിധ്യം കുറവാണ്. ഹൈകമാന്‍റ് അംഗീകരിക്കുന്ന മുറക്ക് ഭാരവാഹി പട്ടികയില്‍ മാറ്റം വന്നേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ജംപോ പട്ടികയെന്ന വിമര്‍ശമുള്ളതിനാല്‍ കെ.പി.സി.സി സെക്രട്ടറിമാരെ രണ്ടാം ഘട്ടമായാകും പ്രഖ്യാപിക്കുക.