കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിലേക്ക്. സ്ഥാനാർത്ഥി പാനലുമായി നേതാക്കൾ നാളെ ഡൽഹിയിലേയ്ക്ക് പോകും. അന്തിമ ധാരണക്കായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും തിരുവനന്തപുരത്ത് യോഗം ചേർന്നു.
രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി എന്നിവർ യോഗം ചേർന്ന് ഓരോ മണ്ഡലത്തെയും സാധ്യതകളും വിജയസാധ്യതയുള്ള സ്ഥാനാർഥികളെയും ചർച്ച ചെയ്തു. ഹൈക്കമാൻഡ് മുന്നിൽ ചർച്ചയ്ക്ക് വയ്ക്കാൻ കഴിയുന്ന അന്തിമ പാനലും തയ്യാറാക്കിയാണ് നേതാക്കൾ പിരിഞ്ഞത്.
നാളെയോടെ ഡൽഹിയിലെത്തുന്ന നേതാക്കൾ തിങ്കളും ചൊവ്വയുമായി നടക്കുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് മുന്നിൽ പാനൽ അവതരിപ്പിക്കും. ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡ് തീരുമാനം അറിയേണ്ടതുണ്ട്. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ തുടങ്ങി പ്രധാന നേതാക്കൾ മത്സരിക്കുന്നത് സംബന്ധിച്ചും രാഹുൽഗാന്ധിയുടെ നിലപാട് പ്രധാനമാണ്. ഇതിനനുസരിച്ച് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലും മാറ്റം വരും.
കെ മുരളീധരനെ വയനാട് മത്സരിപ്പിക്കണമെന്ന സംസ്ഥാന നേതാക്കൾ ആലോചിക്കുമ്പോൾ എം.ഐ ഷാനവാസിനെ മകൾ ആമിന ഷാനവാസ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കടന്നു വരാനുള്ള സാധ്യതയും നേതാക്കൾ തള്ളിക്കളയുന്നില്ല. വടകര മുല്ലപ്പള്ളി അല്ലെങ്കിൽ ടി സിദ്ദിഖ്, അബ്ദുല്ലക്കുട്ടി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിച്ചില്ലെങ്കില്‍ വി.എം സുധീരനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നു.
ആലത്തൂരിൽ രമ്യാ ഹരിദാസ്, മിനി എന്നിവരുടെ പേരുകൾക്ക് മുന്‍ഗണനയുണ്ട്. വയനാട് ചർച്ച ചെയ്തിരുന്ന ഷാനിമോൾ ഉസ്മാനെ ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നുണ്ട്. രണ്ട് വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. യുവജന പ്രാതിനിധ്യം ഉൾപ്പെടെ മറ്റു കാര്യങ്ങളും അന്തിമ ധാരണയിലെത്തിയിട്ടുണ്ട്.