India Kerala

സമ്മർദതന്ത്രം പയറ്റാന്‍ ഒരുങ്ങി ജോസഫ് വിഭാഗം

ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗം സമ്മർദതന്ത്രം പയറ്റും. സീറ്റിൽ അവകാശവാദം ഉന്നയിച്ച് പാർട്ടിയെ ഒന്നടങ്കം തനിക്കൊപ്പം കൊണ്ടുവരുക എന്നതാകും ജോസഫിന്റെ ലക്ഷ്യം. ചെയർമാന്‍ സ്ഥാനം സംബന്ധിച്ച് കട്ടപ്പന കോടതിയുടെ വിധിയും പിന്നീടുള്ള ജോസഫിന്റെ നീക്കങ്ങളില്‍ നിർണായകമാകും.

ജയസാധ്യതയുള്ള സ്ഥാനാർത്ഥി ആകും പാലായിൽ ഉണ്ടാകുക. അതിനായി ചിത്രം ഇനിയും തെളിയേണ്ടതുണ്ട് എന്നാണ് ജോസഫിന്റെ നിലപാട്. പിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ട്. പാലായിൽ സ്ഥാനാര്‍ഥിയുമായി ജോസഫ് എത്താനുള്ള സാധ്യത കുറവാണ്. എന്നാൽ രണ്ടില ചിഹ്നത്തിൽ സ്ഥാനാര്‍ഥിയെ തനിക്ക് പ്രഖ്യാപിക്കണം എന്നതാണ് ജോസഫിന്റെ നിലപാട്. ഒപ്പം പാലാ ഉപതെരഞ്ഞെടുപ്പിൽ ചുക്കാൻ പിടിക്കുന്നത് ജോസഫ് വിഭാഗം ആകണമെന്നതും പ്രധാന ലക്ഷ്യങ്ങളാണ്.

സ്ഥാനാർഥി നിഷ ജോസ് കെ മാണിയെ ആണ് മറുവിഭാഗം മുന്നോട്ടു വെയ്ക്കുന്നതെങ്കിലും ജോസഫിന്റെ എതിർപ്പ് ആദ്യ ഘട്ടത്തിൽ ഒതുങ്ങും. പകരം കേരള കോൺഗ്രസ്‌ എം പാർട്ടിയെ തനിക്കൊപ്പം എത്തിക്കണം എന്ന നിരുപാധിക ആവശ്യമാകും പി.ജെ ഉന്നയിക്കുക. ഇതിനായി യു.ഡി.എഫ് നേതാക്കളുടെ പിന്തുണ ഒന്നടങ്കം നേടുന്നതിന് പി.ജെ ശ്രമങ്ങൾ തുടരും. കട്ടപ്പന മുനിസിഫ് കോടതിയുടെ നാളത്തെ വിധി അനുകൂലമാകും എന്നതാണ് ജോസഫിന്റെ കണക്കുകൂട്ടൽ. അങ്ങനെ എങ്കിൽ ജോസഫിന്റെ നീക്കങ്ങൾക്ക് ആക്കം കൂടും.