കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഉപസമിതിയെ നിയോഗിച്ചു. തോമസ് ചാഴിക്കാടൻ എം. പി അധ്യക്ഷനായ 5 അംഗ ഉപസമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനും ചരൽകുന്നിൽ ചേർന്ന സംസ്ഥാന ക്യാമ്പിൽ തീരുമാനമായി. സീറ്റിനായി ജോസ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെയു ഡി.എഫ്. വീണ്ടും പ്രതിന്ധിയിലായിരിക്കുകയാണ്.
കെ. എം മാണിക്ക് ലഭിച്ച സീറ്റാണെന്ന അവകാശവാദം ഉന്നയിച്ചാണ് സ്ഥാനാർത്ഥി നിർണ്ണയ നടപടികളുമായി ജോസ് വിഭാഗം മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പാലായിൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ സ്വീകരിച്ചതിന് സമാനമായ രീതിയിൽ ഉപസമിതിയെ നിയോഗിച്ചാണ് നീക്കം. തോമസ് ചാഴിക്കാടൻ എം.പി അധ്യക്ഷനായ അഞ്ചംഗ സമിതിയിൽ ജോസ്ഥ് എം. പുതുശേരി, വി.സി ഫ്രാൻസിസ്, വി.ടി ജോസഫ്, ജേക്കബ് തോമസ് എന്നിവരും ഉണ്ടാകും.
ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ചരൽകുന്നിൽ ചേർന്ന ക്യാമ്പിൽ തീരുമാനമായി. നിലവിൽ യു.ഡി.എഫിൽ ചർച്ച ചെയ്യാതെയാണ് തീരുമാനങ്ങൾ എടുത്തതെങ്കിലും യു.ഡി.എഫിനെ ദുർബലപ്പെടുത്തില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു.