ചങ്ങനാശേരി നഗരസഭാ ഭരണത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസ് കെ മാണി – ജോസഫ് വിഭാഗങ്ങൾ തമ്മിൽ പുതിയ തര്‍ക്കം. ജോസ് കെ മാണി വിഭാഗക്കാരനായ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് കത്ത് നൽകി. ചെയർമാൻ രാജിവെച്ചില്ലെങ്കിൽ അച്ചടക്കനടപടി ഉൾപ്പെടെ ഉണ്ടാകുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
യുഎഫിലെ ധാരണപ്രകാരം ആഗസ്റ്റിൽ ജോസ് വിഭാഗക്കാരനായ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജി വെക്കേണ്ടതാണ്ട്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ഇതിന് ലാലിച്ചൻ വഴങ്ങിയില്ല. ഇതോടെയാണ് പി.ജെ ജോസഫ് രേഖാമൂലം കത്ത് നൽകിയത്. രാജിവെച്ചില്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നായിരുന്നു ജോസഫിന്‍റെ മുന്നറിയിപ്പ്.
37 അംഗ നഗരസഭയിൽ 18 അംഗങ്ങളുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇതിൽ ഏഴ് പേരാണ് കേരള കോൺഗ്രസ് എമ്മിനുള്ളത്. ചെയർമാൻ ഒഴികെ മുഴുവൻ പേരും തങ്ങൾക്കൊപ്പം ആണെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. സി.എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസിനെ ചെയർമാൻ ആക്കാനാണ് ജോസഫ് ക്യാമ്പിന്‍റെ നീക്കം. എന്നാൽ തനിക്ക് കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് ലാലിച്ചൻ കുന്നിപ്പറമ്പിൽ പറഞ്ഞു. ജോസ് കെ മാണിയുടെ നിർദ്ദേശമനുസരിച്ച് തീരുമാനമെടുക്കും. നഗരസഭയിൽ സിപിഎമ്മിന് പതിമൂന്നും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്.