കേരള കോണ്‍ഗ്രസില്‍ സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയെങ്കിലും ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാന്‍ ഇരു വിഭാഗവും തയ്യാറാകില്ലെന്ന് സൂചന. കെ. എം മാണിയുടെ മകന് തന്നെ ചെയര്‍മാന്‍ സ്ഥാനം നല്കണമെന്ന് ജോസ് കെ മാണി പക്ഷം പറയുമ്പോള്‍ മുതിര്‍ന്ന നേതാവിന് ചെയര്‍മാന്‍ സ്ഥാനം നല്കണമെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. ഒരു വിഭാഗം വിട്ട് വീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സമവായ ചര്‍ച്ചകള്‍ ഫലം കാണില്ല.
പാര്‍ട്ടി പിടിക്കാന്‍ നേതാക്കള്‍ കച്ച കെട്ടിയിറങ്ങിയതോടെ അണികള്‍ ചേരിതിരിഞ്ഞ് തെരുവിലേക്ക് വരെയിറങ്ങി. ഇതോടെയാണ് സഭയും കോണ്‍ഗ്രസും എത്രയും വേഗം കേരള കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സമിതി വിളിക്കുന്നതിന് മുന്‍പ് സമവായ ചര്‍ച്ചകള്‍ ആവാമെന്ന് ഇരുവിഭാഗം വ്യക്തമാക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുമെങ്കിലും ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കാന്‍ ഇരു വിഭാഗം തയ്യാറായേക്കില്ല. കെ.എം മാണി ഉണ്ടാക്കിയ പാര്‍ട്ടിയായതിനാല്‍ മകന്‍ ജോസ് കെ.മാണിക്ക് തന്നെ ചെയര്‍മാന്‍ സ്ഥാനം നല്കണമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ നിലപാട്. ഇതില്‍ നിന്ന് ഒരടി ഇവര്‍ പിന്നോട്ടും പോകില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ കൂടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.
പി.ജെയ്ക്ക് തന്നെ ചെയര്‍മാന്‍ സ്ഥാനം നല്കണമെന്ന് പറയുന്നുണ്ടെങ്കിലും ജോസ് കെ.മാണിയെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിക്കാതിരിക്കാന്‍ സി.എഫ് തോമസിനെയെങ്കിലും ചെയര്‍മാനാക്കണമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ആയതിനാല്‍ സമവായ ചര്‍ച്ചകള്‍ ഫലം കാണില്ലെന്നാണ് വിലയിരുത്തല്‍. ആയതുകൊണ്ട് ഒരു വിഭാഗം വിട്ട് വീഴ്ചയ്ക്ക് തയ്യാറായെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു.